Society Today
Breaking News

കൊച്ചി: 'ഹെല്‍ത്തി ഏജിങ്ങ്' പ്രഥമ അന്താരാഷ്ട്ര സമ്മേളനത്തിന് കൊച്ചി വേദിയാകുന്നു.ഏജിങ്ങ്, ജെറിയാട്രിക്‌സ്, റിട്ടയര്‍മെന്റ് ലിവിങ്ങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ അന്താരാഷ്ട്ര സംഘടനകളുടെയും, കേന്ദ്ര സംസ്ഥാന ഏജന്‍സികളുടെയും സഹകരണത്തോടെ കൊച്ചിയിലെ ബ്ലെസ് റിട്ടയര്‍ ലിവിങ്ങ് സംഘടിപ്പിക്കുന്ന സമ്മേളനം ഏപ്രില്‍ 21 മുതല്‍ 23 വരെ തൃക്കാക്കര ചിറ്റിലപ്പിള്ളി സ്‌ക്വയറിലാണ് നടക്കുന്നത്. വ്യവസായ മന്ത്രി പി. രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യ പ്രഭാഷണം നടത്തും. ബെന്നി ബഹനാന്‍ എംപി അധ്യക്ഷത വഹിക്കും.
പിവി ശ്രീനിജിന്‍ എംഎല്‍എ, ദില്ലിയിലെ സംസ്ഥാനത്തിന്റെ ഔദ്യോഗിക പ്രതിനിധി കെവി തോമസ് എന്നിവര്‍ സംസാരിക്കും.
കേരളത്തിന്റെ ജെറിയാട്രിക് പോളിസി സംബന്ധിച്ച പ്രത്യേക സെഷന്‍   ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി  ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. മുന്‍ ധനകാര്യ മന്ത്രി ഡോ. ടിഎം തോമസ് ഐസക്,  സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍  എ അഞ്ജന എന്നിവര്‍ പങ്കെടുക്കും.

ആയുര്‍ ദൈര്‍ഘ്യം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പ്രായമായവരുടെ ജനസംഖ്യ ലോകമാകമാനം ഉയരുകയാണെന്നും അവരുടെ വിവിധങ്ങളായ ആവശ്യകതകളെ സമഗ്രമായി അഭിസംബോധന ചെയ്യുന്നതായിരിക്കും സമ്മേളനമെന്നും  ബ്ലെസ് റിട്ടയര്‍മെന്റ് ലിവിങ് ചെയര്‍മാന്‍ ബാബു ജോസഫ്, മാനേജിങ് ഡയറക്ടര്‍ ജിജോ ആന്റണി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.റിട്ടയര്‍മെന്റ് ജീവിതം ഫലപ്രദവും, ആരോഗ്യകരവും സന്തോഷകരവുമായി എങ്ങനെ വിനിയോഗിക്കാം എന്നതിനുള്ള വിവിധ ഉപാധികളും, മാതൃകകളും, ആശയങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യും. 15 സെഷനുകളാകും ഉണ്ടാവുക. വിവിധ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുന്ന എക്‌സിബിഷന്‍, ഈ രംഗത്ത് അവസരങ്ങള്‍ അന്വേഷിക്കുന്നവര്‍ക്കുള്ള കണ്‍സള്‍ട്ടേഷന്‍, ശ്രദ്ധേയ മാതൃകകള്‍ നേരിട്ടു കാണാന്‍ അവസരം നല്‍കുന്ന സൈറ്റ് വിസിറ്റുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.ജെറിയാട്രിക്, ഏജിങ്ങ്, റിട്ടയര്‍മെന്റ് ലിവിങ്ങ് രംഗത്തെ ആഗോള പ്രമുഖര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, ഉല്പന്ന നിര്‍മാതാക്കള്‍, ആരോഗ്യ സേവന ദാതാക്കള്‍, നയ രൂപീകരണ വിദഗ്ധര്‍, എന്‍ജിഒകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, തൊഴില്‍ ദായകര്‍, അക്കാദമിക് രംഗത്തുള്ളവര്‍, ധനകാര്യ സേവന ദാതാക്കള്‍, അനുബന്ധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. ഈ രംഗത്തെ ആഗോള പ്രമുഖര്‍ പ്രഭാഷകരായി എത്തും.

കേരളത്തിന്റെ സവിശേഷ സാമൂഹ്യ പശ്ചാത്തലത്തില്‍ റിട്ടയര്‍മെന്റ് ലിവിങ്ങ്, ജെറിയാട്രിക് എന്നിവ ഉദിച്ചുയരുന്ന, അവസരങ്ങളുടെ ധാരാളിത്തമുള്ള  മേഖലയാണ്. അടുത്ത 10 വര്‍ഷത്തില്‍ ആയിരത്തിലധികം റിട്ടയര്‍മെന്റ് ലിവിങ്ങ് സൗകര്യങ്ങളുടെ ആവശ്യകത കേരളത്തിലുണ്ടാകുമെന്നാണ് അനുമാനം.  റിട്ടയര്‍മെന്റ് ലിവിങ്ങ് ഹോമുകള്‍, ഉല്‍പ്പന്ന നിര്‍മാതാക്കള്‍, സ്റ്റാര്‍ട്ടപ്പുകള്‍, സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററുകള്‍, കണ്‍സള്‍ട്ടന്‍സി, വിദേശ തൊഴില്‍ ഏജന്‍സികള്‍, ജെറിയാട്രിക് കെയര്‍, നഴ്‌സിങ്ങ് ഹോം, ഫുഡ് സപ്ലിമെന്റുകള്‍ എന്നിവയെല്ലാം ഈ അവസരങ്ങളില്‍ ഉള്‍പ്പെടുന്നു. ആഗോള തലത്തില്‍ 30 ലക്ഷം തൊഴിലവസരങ്ങള്‍ ഈ മേഖല പുതുതായി സൃഷ്ടിക്കുമെന്നാണ് കണക്കാക്കുന്നത്. അത് കേരളത്തിന് വന്‍ തോതില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്നതാണ്. പുതിയ ഉല്പന്നങ്ങള്‍ക്കും, സേവനങ്ങള്‍ക്കുമുള്ള വര്‍ധിക്കുന്ന ആവശ്യകത നവ സംരംഭകര്‍ക്കും, സ്റ്റാര്‍ട്ടപ്പുകള്‍ക്കും സാധ്യതകള്‍ തുറക്കും. സംസ്ഥാനത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ജെറിയാട്രിക്‌സ് സ്വാധീനം ചെലുത്തും. ആശുപത്രികളില്‍ ജെറിയാട്രിക് സ്‌പെഷ്യലൈസേഷന്‍ അനിവാര്യമായി മാറും. കേരളത്തിന്റെ സംരംഭ, തൊഴില്‍, ആരോഗ്യ മേഖലകളില്‍ നിര്‍ണയക സ്വാധീനം ചെലുത്താന്‍ പോകുന്ന ഒരു മേഖല എന്ന നിലയില്‍ ഈ രംഗത്ത് നടക്കുന്ന ആദ്യ അന്താരാഷ്ട്ര കോണ്‍ക്ലേവിന് ആതിഥ്യം വഹിക്കാന്‍ സംസ്ഥാനത്തിന് കഴിയുന്നത് ഏറെ ഗുണകരമാകുമെന്നും ഇവര്‍ വ്യക്തമാക്കി.23 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഹൈബി ഈഡന്‍ എംപി,ഉമ തോമസ് എംഎല്‍എ എന്നിവര്‍ പങ്കെടുക്കും.

Top